Monday, March 4, 2013

സദാചാരി ഷമീര്‍

ഇന്നിപ്പോ പറയാന്‍ പോണത് സദാചാരി ഷമീറിന്റെ കഥയാണ്.അഥവാ ഷമീര്‍ എങ്ങനെ സദാചാരിയായി എന്നാ കഥയാണ്‌.കുറ്റിപ്പുറത്തിനും എടപ്പാളിനും മദ്ധ്യേ പള്‍സര്‍ പറപ്പിച്ചു വിടുമ്പോഴും വീടിന്റെ ഉമ്മറത്ത്ന്ന്  നോക്ക്യാലും കണ്ടനകം ബീവറെജസ്സിലെ ക്യൂ കാണാം ന്നു വീമ്പടിച്ചു നടന്നേരുന്ന ഇബനൊക്കെ എങ്ങനെ നന്നായിന്നു നാട്ടാര്‍ക്കും അതിലുപരി വീട്ടാര്‍ക്കും അത്ഭുതം!ഫ്ലാഷ്ബാക്കിലേക്ക്‌ കണ്ണോടിക്കവേ.....

മോന്‍ പ്ലസ്‌റ്റു പാസ്‌ ആയെന്റെ സന്തോഷത്തിലാണ് ഷമീറിന്റെ വാപ്പ കരിപ്പൂര്‍ വിമാനമെറങീത്.വന്നപാടെ സ്വന്തം കുടീല് കേറി മഞ്ഞവെള്ളം[ടാങ്ക്] കുടിക്കണേനു പകരം മൂപര് നേരെ പോയത് അധികം മൂപ്പില്ലാത്തൊരു എഞ്ചിനീയറിംഗ് കോളേജിലേക്ക്!അവടൊരു മൂന്നുറുപ്യ കൊടുത്തിട്ട് മോന്റെ സീറ്റ്‌ ഉറപ്പാകി.ഏതു ബ്രഞ്ചാ വേണ്ടെന്നു പ്രിന്‍സിപ്പല്‍ ചോയ്ച്ചപ്പോ  അതൊക്കെ ഇങ്ങടെ ഇഷ്ടംപോലെയായികൊള്ളീ ന്നു പറഞ്ഞു സ്നേഹസമ്പന്നനായ വാപ്പ!

മോന്റെ ക്ലാസ്സ്‌ തുടങ്ങണ വരെ നിക്കാന്‍ ലീവ് ഇല്ലാത്തോണ്ട് വാപ്പ പോവാണ്‌.കരിപൂരിലേക്ക് പോണ വഴിക്ക് ഇന്നോവ കാറില്‍ ഇരുന്നു മൂപര് പറഞ്ഞു:
"മോനെ ഇജ്ജ് നന്നായി പഠിച്ചാ മതി അണക്ക് ജോലിയാകി തരണ കാര്യം ഞമ്മളേറ്റു"
ഇപ്പം തന്ന ജോലി പോരാഞ്ഞിട്ടാ ഇനി ബേറെ...മിണ്ടാണ്ടെ അവടെ കുത്തിരുന്നോള്ളീ ന്നു പറയാന്‍ വന്നതാണെങ്കിലും മാസാമാസം കൃത്യമായി കിട്ടണ്ട പോക്കറ്റ്‌ മണിയുടെ കാര്യം ഓര്‍ത്തപ്പോള്‍ അത് വേണ്ടാന്നു വച്ചു.ഷമീര്‍ പറഞ്ഞു:
"ആയ്കോട്ടെ വാപ്പ"
ബി ടെക് നു ചേര്‍ത്തൂന്നു അറിഞ്ഞപ്പളേ സപ്ലിക്ക് എങ്ങനെ അപ്ലൈ ചെയ്യാം ന്നു പടിചോനോടാ ഇങ്ങളീ പറയണത് ന്നു മനസിലും പറഞ്ഞു.

അങ്ങനെ ആ ദിവസം വന്നെത്തി!പ്രിന്‍സിപ്പല്‍നെ കാണാന്‍ പോയി.
"അന്റെ വാപ്പ ന്റെ ചെങ്ങായിയാ അതോണ്ടാ അണക്ക്  എവെര്‍ഗ്രീന്‍ ഫീല്‍ഡ് ആയ മെക്ക്.തന്നെ തന്നത്"
അല്ലെങ്കിലും പൈസ തന്നു സീറ്റ്‌ വാങ്ങണോരടെ ഒക്കെ വാപ്പാമാര് പ്രിന്‍സിപ്പല്‍ന്റേം മാനേജ്‌മന്റ്‌ന്റേം ഒക്കെ ചെങ്ങായിമാരാവാറാണല്ലോ പതിവ്!
"ഉവ്വ് സര്‍"അവന്‍ ചിരിച്ചു.
ആ സീനില്‍ നിന്നും സ്കൂട്ട് ആയി അവന്‍ നേരെ പോയത്  ക്ലാസ്സിലെക്കാണ്.മരുഭൂമിയിലെ മരുപച്ച എന്ന് പറയാന്‍ പോലും ഒരു പെങ്കുട്ട്യില്ല.............!ഇതാണോടോ എവെര്‍ഗ്രീന്‍!

അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു.ഒരൂസം പതിവില്ലാണ്ട് നേരത്തെ ഷമീര്‍ കോളേജില്‍ എത്തി.അന്ന് ആ കോളേജ് വരാന്തയില്‍ വെച്ചാണ് ഓന്‍ ആ ഉമ്മച്ചി കുട്ടിനെ കാണണത്.അപ്പൊ തന്നെ ഓന്‍ മനസിലുറപ്പിച്ചു ഇബളെ വേറൊരുത്തനും വിട്ടു കൊടുക്കൂലാന്നു.ആ ഉറപ്പു ഇങ്ങോട്ടും കിട്ടോ ന്നു അറിയാന്‍ വേണ്ടി സ്വന്തം പോക്കറ്റില്‍ കയ്യിട്ടു ഒന്നുമില്ലാന്നുള്ള തിരിച്ചറിവാവാം അടുത്ത് നിക്കുന്നവന്റെ പോക്കറ്റില്‍ കയ്യിടാന്‍ പ്രേരിപിച്ചത്‌.കിട്ടിയ അഞ്ചു രൂപ പുച്ഛത്തോടെയും അത് മാത്രമായി നടക്കുന്നവനെ സഹതാപത്തോടെയും ഷമീര്‍ മാറി മാറി നോക്കി!"അളിയാ ജ്ജിപ്പളും പരീക്ഷേല് പാസ്‌ ആവോന്നു അറിയാന്‍ ടോസ്സ് ഇട്ടു നോക്കാറുണ്ടാ?"പാവം നിഷ്കളങ്കനായ ആ മണ്ടനെ നോക്കി തെറി വിളിക്കാന്‍ കൂടി ഓന് പറ്റിയില്ല.കിട്ടിയ അഞ്ചും എടുത്തോടി അടുത്ത കടേന്നു ഒരു ഡയറി മില്കും വാങ്ങി കീശേലിട്ടു ഉമ്മച്ചി കുട്ട്യേ കാണാന്‍ പോയി.അപ്പളാ അറിഞ്ഞേ അഞ്ചു മിനിറ്റ് മുന്നേ ഡയറി മില്‍ക്ക് സില്‍ക്ക് ആയിട്ട് വന്ന ഒരുത്തന്റെ കൂടെ ഓള് പോയീന്നു.അപ്പൊ മ്മടെ ഷമീര്‍ ആരാ?????ശശി...........................

ദിവസങ്ങള്‍ പിന്നേം പോയി.ഒരു പണീം ഇല്ലാണ്ട് വെറുതെ വായുംനോക്കി നിക്കുമ്പളാണ് ആ കുട്ടി ഷമീറിന്റെ കണ്ണില്‍ പെട്ടത്.ഈ എടപ്പാളിലെ പെങ്കുട്ട്യോള്ളടെ മൊഞ്ചൊന്ന് വേറെന്ന്യാ....അങ്ങനെ അവന്‍ കഷ്ടപ്പെട്ട് ഫേസ്ബുക്ക്‌ വഴി ആ കുട്ടിടെ ഫ്രണ്ട് നെ പരിചയപെട്ടു അത് വഴി ആ കുട്ടിടെ പേരും കണ്ടുപിടിച്ചു.അവള്‍ക്കു വേറെ ലൈനൊന്നും ഇല്ലാന്ന് അറിഞ്ഞപ്പോ ഒരു മഴ നനഞ്ഞ സുഖം തോന്നി.തന്റെ കോയി കുഞ്ഞിനെ പരുന്തു കൊത്തി കൊണ്ടോവാണ്ട് നോക്കണേ പടചോനേന്നു ഓന്‍ അഞ്ചു നേരോം പ്രാര്‍ത്ഥിച്ചു.അങ്ങനെ ഇഷ്ടാന്ന് പറയാന്‍ ഓന്‍ പള്‍സറില്‍ കേറി പാഞ്ഞു.നല്ല മലപ്രം അച്ചടി ഭാഷേല്‍ സംഭവം പറഞ്ഞൊപ്പിച്ചു.ആ കുട്ടി ഷമീറിനെ വല്ലാത്തൊരു നോട്ടം  നോക്കി.കുറച്ചപ്പുറത്ത്ന്നു ഒരുത്തന്‍ കേറി വന്നിട്ട് ഓള്‍ടടുത്ത് വന്നിട്ട് ഇംഗ്ലീഷില്‍ ന്തോക്ക്യോ പറേണത്  കണ്ട്.ഒന്നും മനസിലായില്ലാന്നുളളത്  പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലോ.പക്ഷെ ആ ഡയലോഗ് കഴിഞ്ഞുള്ള സീന്‍ കണ്ടപ്പോ കാര്യം പിടികിട്ടി.ഷമീറിന്റെ ചങ്കില്‍ ചവിട്ടി നേര്‍ത്തെ വന്നോന്റെ ഹങ്കില്‍ കേറി ഓള് പോയി.അന്ന് രാത്രിയാണ് ഓള്‍ടെ കൂട്ടുകാരി ആ സത്യം പറഞ്ഞത് ഓള് പഠിക്കണത് ഇംഗ്ലീഷ് ലിറ്ററേച്ചറാണത്രെ!പാവം ഓന്‍ പിന്നേം ശശി!

ശശിയായി കൊണ്ടെയിരിക്കുന്നതിന്റെ ആ കിക്കില്‍ നടക്കുമ്പളാണ് വെറുതെ നിന്ന് പഞ്ചാരടിചോണ്ടിരുന്ന രണ്ടു കിടാങ്ങളെ വെരട്ടുന്ന കുറെയെണ്ണത്തിനെ കണ്ടത്.അവരെ പരിചയപ്പെട്ടപ്പോഴാണ് തന്നെക്കാള്‍ വലിയ ശശിമാരാണ് അവരെന്നും ഞമ്മക്കിലെങ്കി ആര്‍ക്കും വേണ്ടാന്നുള്ള മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള സ്വഭാവത്തിന്റെ ഭാഗമായി സദാചാര പോലീസ് ആയതാണെന്നും ഷമീര്‍ മനസിലാക്കി.പിന്നെ അധിക സമയം വേണ്ടി വന്നില്ല അവനും അവരിലൊരാളായി.

അപ്പൊ അങ്ങനെയാണ് ഷമീര്‍ സദാചാരി ഷമീര്‍ ആയതും.അതിനുശേഷം ആ നാട്ടിലെ പെങ്കുട്ട്യോള്‍ക്കൊന്നും സ്വസ്ഥായി പ്രേമിക്കാന്‍ പറ്റാണ്ടായതും!

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....