Saturday, February 23, 2013

ഏകാന്തത?

നേരം രണ്ടരയോടു അടുക്കുന്നെ ഉണ്ടായിരുന്നുവുള്ളൂ.എല്ലാവരും നല്ല ഉറക്കത്തിലാണ്.ഫാനിന്റെ ഉഷ്ണകാറ്റ്‌ ചൂടിനു ആക്കം കൂട്ടുകയെ ചെയ്യുന്നുള്ളൂ.അവള്‍ മെല്ലെ ജനലുകള്‍ തുറന്നു.അപ്പുറത്തെ സിമന്റ്‌ കടയിലെ കാവല്‍ക്കാരന്‍ പാട്ട് കേട്ടിരിക്കുകയാണ്.എവിടെയൊക്കെയോ തട്ടി തടഞ്ഞ ശേഷം അത് അവളുടെ കാതുകളിലെക്കെതിയപ്പോഴേക്കും ചിലമ്പിച്ച സ്വരങ്ങളായി മാറി തുടങ്ങിയിരുന്നു.
"എന്താ മോളെ ഉറങ്ങണ്ണില്ല്യെ?"കാവല്‍ക്കാരന്‍ സ്നേഹത്തോടെ അന്വേഷിച്ചു.
"ഇല്ലാ കുറച്ചു വായിക്കാനുണ്ട്"അവള്‍ മറുപടി പറഞ്ഞു.
"ഉം....പഠിച്ചോ കുട്ട്യേ...പഠിച്ച് വല്യേ ആളാവ്"

മറന്നു പോയിരുന്നുവെങ്കിലും ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ അവളുടെ ലോകത്തിലേക്ക്‌ പിന്‍വലിഞ്ഞു.അടക്കി വച്ചിരുന്ന ഷെല്‍ഫില്‍ പുസ്തകങ്ങള്‍ പരതുന്നതിനിടയില്‍ മുന്‍പാരോ കളിയാകിയത് ഓര്‍മ വന്നു "നീയല്ലെങ്കിലും രാത്രി ജീവിയാണല്ലോ"തമാശയ്ക്ക് പറഞ്ഞതായിരുന്നുവെങ്കിലും അത് ശെരിയായിരുന്നു.വായിക്കുവാനും എഴുതുവാനും ചിന്തകളെ സ്വതന്ത്രമാക്കാനും അവള്‍ കണ്ടെത്തിയിരുന്ന അഥവാ ഇഷ്ടപെട്ടിരുന്ന സമയം രാത്രിയായിരുന്നു.
വായിച്ചു തീര്‍ക്കാതതായി ഒരു പുസ്തകം പോലും ആ ഷെല്‍ഫില്‍ ഉണ്ടായിരുന്നില്ല.കൈകള്‍ അവിടെ നിന്നും പിന്‍വാങ്ങി കൊണ്ട് അവള്‍ അടുത്തിരുന്ന കസേരയിലേക്ക് ചാഞ്ഞു.ചുറ്റിലുമുള്ള നാല് ചുവരുകളില്ലേക്ക് മാറി മാറി നോക്കി.വര്‍ഷങ്ങളായി അവള്‍ സംവദിക്കുന്നത് ഈ നാല് ചുവരുകളോടാണ്.മൂകമായാണ് അവര്‍ സന്ദേശങ്ങള്‍ കൈ മാറാറുള്ളത്.പുറം ലോകത്തുള്ളവര്‍കെല്ലാം അവള്‍ അപരിചിതയാണ് ,അവള്‍ക്കു അവരും!ഈ അപരിചിതത്വം നിലനില്‍ക്കുന്നത് കൊണ്ടാവാം ഉറക്കമളച്ചു പഠിച്ചിരുന്ന ആ കുട്ടിയുടെ സ്ഥാനത് നിന്ന് ഇന്നത്തെ അവളെ മനസ്സിലാക്കാന്‍ ആ പാവം കാവല്‍കാരന് കഴിയാതെ പോയത്.
ചിന്തകള്‍ കോട്ട കെട്ടി പൊക്കി കൊണ്ടിരുന്നു.നേരവും പോയ്കൊണ്ടിരുന്നു.പെട്ടന്ന് അമ്മ വന്നു ചുമലില്‍ കൈ വച്ചപ്പോള്‍ അവളൊന്നു ഞെട്ടി.
"അല്ല ഗൌര്യെ നീ ഇന്നലേം ഉറങ്ങീലെ...നെന്റെ കണ്ണെന്താ നിറഞ്ഞിരിക്കണേ?"
"ഒന്നൂല അമ്മ..."അവളുടെ ശബ്ദം ഇടറി.
"ഒന്നോല്ലാണ്ട് പിന്നെ കരയാ?"
"എന്റെ മരണ ശേഷം അതിനെ കുറിച്ചോര്‍ത്തു കരയാന്‍ എനിക്കാവില്ലല്ലോ.....അത് കൊണ്ട് ഞാന്‍ ഇപ്പോളെ കരയുന്നു..."അവള്‍ അലക്ഷ്യമായി പറഞ്ഞു.
"നിനക്ക് പ്രാന്താ.....ഇങ്ങനെ ചടഞ്ഞു ഇരിക്കാണ്ട് പുറതൊക്കെയിറങ്ങി നടക്ക് "
അമ്മ തിരിഞ്ഞു നടന്നു.
അതിനു പുറതെന്താ ഉള്ളത്?അവള്‍ക്കു ആവശ്യമുള്ളതൊക്കെ ആ മുറിയില്‍ തന്നെയുണ്ട്‌!ഫാന്‍,ബ്ലേഡ്,ഉറക്ക ഗുളിക......മരിക്കുവാന്‍ ഒരു കാരണം ഇല്ലാത്തത് കൊണ്ട് ജീവിതം മുന്നോട്ടു പോകുന്നുവെന്ന് മാത്രം............!

Thursday, February 7, 2013

തെറ്റ്


വെട്ടിതിരുതാനാവാത്ത തെറ്റുകള്‍
കണക്കുപുസ്തകത്തില്‍ നിറയുമ്പോള്‍
നേരം ഏറെ വൈകിയിരുന്നു!
ഇരുട്ടിന്റെ കൈകള്‍ മുടികെട്ടു ചുറ്റിപിടിച്ചിരുന്നു,
ഉറക്കം വന്നു കണ്ണുകള്‍ കനംവചിരുന്നു.
ചെയ്യുവാന്‍ ബാകിയാകിയ ഒന്നുകൂടെയുണ്ട് !
ഇന്നത്തെ ശരികളെല്ലാം ചുരുട്ടികൂട്ടി
ചവറ്റുകൊട്ടയിലെക്കെറിയണം!
അവയ്ക്ക് മുകളില്‍ ചുള്ളികമ്പുകള്‍
കൂട്ടിവെച്ചു കത്തിച്ചു കളയണം,
റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍
ഞാന്‍ തനിച്ചാവുമ്പോള്‍ പൊട്ടികരയണം.
പകലിന്റെ വെളിച്ചത്തില്‍ തെറ്റുകള്‍ മാത്രം
കൂട്ടിയിടുമ്പോള്‍ എനിക്ക് അട്ടഹസിക്കണം
ഒരു പ്രാന്തിയെ പോലെ......

Wednesday, February 6, 2013

എനിക്ക് മുമ്പേ....

എന്നോ പൊട്ടിച്ചെറിഞ്ഞ കുപ്പിവളകള്‍
വീണ്ടുമീ വഴിയില്‍ വന്നതെന്തിനാ?
യാത്ര പറയുവാന്‍ ഇഷ്ടമല്ലാത്ത സഞ്ചാരി!
തോരാമഴയില്‍ ഇരുട്ടിലെക്കിറങ്ങി -
വിജനമായ പാതകള്‍ പിന്നിട്ടു
ഇരുളിനെ മാത്രം പ്രണയിച്ചു!
ആഗ്രഹം പോലെ തന്നെ ഒരു തിരി
വെട്ടവുമായി ആരും എതിരെ വന്നില്ല.
ഇന്നീ മൃത്യുവിന്‍ വഴിയിലൂടെ പോകുമ്പോള്‍
നിറം മങ്ങിയ വളപോട്ടുകള്‍ -
കിലുങ്ങിയതെന്തിനാ?
അവര്‍ എനിക്ക് മുമ്പേ മരിച്ചതല്ലേ?

Friday, February 1, 2013

കഥ!

ചിതലരിച്ചു തുടങ്ങിയ പുസ്തകങ്ങള്‍
മറിക്കവേ ആകാശം കാണാന്‍ കൊതിച്ച
മയില്‍‌പ്പീലി മെല്ലെയാ കഥ പറഞ്ഞു:
കാര്‍മേഘത്തെ പ്രണയിച്ച മയിലിന്റെ കഥ
അടച്ചിട്ട ജനാലകള്‍ പാതി തുറന്ന്
കൈനീട്ടിയപ്പോള്‍ മഴത്തുള്ളികള്‍
രഹസ്യമായി കാതിലോതി മയില്‍
പ്പീലിയെ തിരയുന്ന മേഘത്തിന്റെ കഥ!

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....